Sunday, October 4, 2015

പ്രതിമകളും രാജകുമാരിമാരും


പ്രേമിച്ച
ദൈവം
അശരീരി വഴിയാണ്
വരവറിയിച്ചത് .
വഴികളും
വിശ്രമത്താവളങ്ങളും
മേഘങ്ങൾ പറഞ്ഞു തന്നു.
അന്നുതൊട്ട്
അനുഗ്രഹവർഷവും
കാത്തിരിപ്പായിരുന്നു.
ഒടുവിൽ
ആദ്യത്തെ
ഒറ്റ മിന്നലിൽ ത്തന്നെ
വർഷ പ്രണയം
ഒത്ത നിറുകയിൽ
കോടാലിയായി വീണു
ഇപ്പോൾ
പിളരുന്നില്ല
ചേരുന്നുമില്ല
ഒഴുകുന്നില്ല
അടങ്ങുന്നുമില്ല
.
ദയവായി
വലിച്ചൂരരുത്‌
അടിച്ചു കയറ്റരുത്
ഒരു ചെറുതുടിപ്പെങ്കിലും
ബാക്കി കിടക്കട്ടെ .
ഉരുക്കുകൊണ്ട്
ഇറച്ചി വിളക്കുന്ന
രാസവിപ്ലവക്കാലം
ഇവൾ
നിറുകയിൽ
മഴു ചൂടിയ ദേവി
എന്ന്‌ വാഴ്ത്തപ്പെട്ടാലോ !.
അന്ന്
ഇവളുടെ നോക്കിൽ
ആകാശനീലം അശരീരികളെ
ഒളിപ്പിക്കുമായിരിക്കും
മിന്നലുകൾ അടങ്ങിപ്പോകുമായിരിക്കും
മേഘങ്ങൾ മറുഭാഷ പേശുമായിരിക്കും
കന്യകമാർ
കാത്തിരിപ്പുകൾ
എന്നേയ്ക്കുമായി വെടിയുമായിരിക്കും
ഇവളപ്പോൾ അവരിൽ
പെയ്തു നിറയയുമായിരിക്കും
ഇവൾക്കും അവർക്കുമിടയിൽ
ഇവൾ തീർത്ത മറയിൽ
കോടാലി ഉയർത്തിയോങ്ങിയ നിലയിൽ
അന്ധന്മാരും ബധിരന്മാരുമായ
ദൈവങ്ങൾ
അപ്പോഴെങ്കിലും
പ്രതിമപ്പെടാൻ തുടങ്ങുമായിരിക്കും .

Sunday, September 13, 2015

ഗുരുദേവ ദശകങ്ങൾ


(ഗുരുദേവ കൃതികൾ കേൾക്കാനും വായിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക )

കവി എന്ന നിലയിൽ   മാത്രം വിലയിരുത്തേണ്ട വ്യക്തിയല്ല ശ്രീനാരായണഗുരുദേവൻ  എന്ന് അറിയാത്തവരില്ല .എങ്കിലും ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ കാവ്യസംബന്ധിയായ സംഭാവനകളുടെ പരിവൃത്തത്തിൽ നിന്നുകൊണ്ടുള്ള  ഒരു ലഘുചർച്ചയാണ് ഉദ്ദേശിക്കുന്നത് . കവി എന്ന നിലയിൽ  ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ അദ്വൈത ആത്മീയ ചിന്തകളെയും ദർശനങ്ങളേയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളേയും ഒക്കെ കൃത്യമായും  വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന  മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച കവി എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ .  .അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും  മൌലികത  കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . 
  
മലയാളം   സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക    വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ടിതമാർഗ്ഗത്തെക്കുറിച്ചാണ്  അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് .  
മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട്  . ഈ കവിതകളുടെ തുടക്കം മുതൽ വായിച്ചു പോവുന്ന ശരിയായ കാവ്യാനുശീലനമുള്ള ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം വായന അവസാനിപ്പി യ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കവിത്വത്തെക്കുറിച്ചു കൂടി  അനല്പമായ ആദരവു തോന്നും എന്നത്  തികച്ചും സ്വാഭാവികം.
നാരായണഗുരുവിന്റെ കൃതികളിലൂടെ കടന്നുപോകുമ്പോൾ   ഞാൻ  ശ്രദ്ധിച്ച ഒരു കാര്യം പത്തു എന്നസംഖ്യക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന പ്രാധാന്യമാണ് . ദശകം  എന്ന്  തന്നെ   തലക്കെട്ടിൽ പേരുചേർത്തുള്ള  നാല് കവിതകൾ ഷണ്മുഖദശകം, ഗുരുവിന്റെ കൃതികളിൽ ഏറ്റവും ജനകീയം എന്ന് വിളിക്കാവുന്ന ദൈവദശകം ,സകല ചരാചരങ്ങളോടും   അനുകമ്പ കാണിക്കേണ്ടതിന്റെ    ആവശ്യകതയെക്കുറിച്ച്  പറയുന്ന അനുകമ്പാദശകം ,   മനനാതീതം എന്ന് കൂടി പേരുള്ള വൈരാഗ്യദശകം  എന്നിവ കൂടാതെ പത്തു ശ്ലോകങ്ങൾ  വീതം ഉള്ള ദേവീസ്തവം,ശിവസ്തവം,സദാശിവദർശനം, കോലാതിരേശസ്തവം ,ചിജ്ജടചിന്തനം, ഇന്ദ്രിയവൈരാഗ്യം,ജാതിലക്ഷണം  ഇവയും പത്തുവീതം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന  പത്തു ഖണ്ഡങ്ങളിലായി  രചിച്ച ദർശനമാല  ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ  അടങ്ങിയ തേവാരപ്പതികങ്ങൾ പത്തിന്റെ പത്താം പെരുക്കമായ നൂറു ശ്ലോകങ്ങൾ അടങ്ങിയ , ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളായി കരുതുന്ന ആത്മോപദേശശതകം ,ശിവശതകം എന്നിവയാണ്   ഈ കൃതികൾ .

1887 നും 1897 നും ഇടയ്ക്ക് നടരാജഗുരു രചനാകാലം കണക്കാക്കിയിട്ടുള്ള ഷന്മുഖദശകമാണ്    ഇവയിൽ ആദ്യത്തേത്.ഗുരുവിന്റെ മറ്റു സ്തോത്രകൃതികളിൽ   ഉള്ളതുപോലെ തന്നെ ആരാധനാമൂർത്തിയുടെ ആപാദചൂഡവർണ്ണന  ഈ പദ്യത്തിലും കാണാം .

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും  ചില്ലിവല്ലിക്കൊടിയ്ക്കുൾ
മൌനപ്പൂന്തിങ്കളുടുരുകുമമൃതൊഴുക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിന്നരുൾത്തന്മയാം നിന്നടിത്താർ -
ത്തേനുൾത്തൂകുന്ന മുത്തുക്കുടമടിയനടക്കീടുമ,ച്ചിൽക്കൊഴുന്തേ .

എന്ന് തുടങ്ങുന്ന ഈ ദശകത്തിൽ ഉപാസകനും മൂർത്തിയും  ഒന്നാവണം എന്ന് തന്നെയാണ് പ്രധാന പ്രാർത്ഥന .മനുഷ്യൻ ദൈവത്വം പ്രാപിയ്ക്കുന്നത് തന്നെയാണ്  ജ്ഞാന മാർഗ്ഗത്തിന്റെ  പരമകാഷ്ഠ  എന്ന് ആവർത്തിച്ചു വിശദമാക്കുന്ന കവിതകളാണ് തുടർന്നുള്ളവയിൽ ഭൂരിപക്ഷവും. ഷണ്മുഖദശകത്തിന്റെ  അതേസമയത്തുതന്നെ എഴുതപ്പെട്ടതു എന്ന് കരുതുന്ന ദേവീ സ്തവത്തിലും കൈകാര്യം  ചെയ്തിരിക്കുന്ന വിഷയം വേറൊന്നല്ല. . 
'പഥ്യാ' വൃത്തത്തിലാണ് ഇതിന്റെ രചന  നിർവഹിച്ചിരിക്കുന്നത് .(cntd)
'ഇതു  പഥ്യവൃത്തമിടരില്ല പാടുന്നവർ -
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടുനീ '

എന്നിങ്ങനെ  അവസാന ശ്ലോകത്തിലെ ആദ്യപാദത്തിൽ ഈ സ്തവം ചൊല്ലി ദേവിയെ ഭജിയ്ക്കുന്നവർക്ക് ദുഃഖം ഉണ്ടാവുന്നില്ല എന്നും അതേ സമയം പദ്യത്തിന്റെ വൃത്തത്തെക്കുറിച്ചുള്ള സൂചന നല്കുകയും ചെയ്യുന്നുണ്ട് ഗുരു  . തമിഴിൽ ‘അന്താദി’ എന്ന് വിളിക്കുന്ന അന്ത്യപ്രാസഘടനയുള്ള പദ്യങ്ങളിൽ ഒന്നാണിത്. ഒരു ശ്ലോകം അവസാനിപ്പിക്കുന്ന വാക്കിലോ ഉച്ചാരണസാമ്യതയുള്ള മറ്റൊരു വാക്കിലോ ആണ് അടുത്ത ശ്ലോകം തുടങ്ങുന്നത് . അതുപോലെ തന്നെ ഒരേ വാക്കുതന്നെ അതിന്റെ പ്രകടാർത്ഥത്തിലല്ലാതെ   വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നതും  ഗുരുവിന്റെ കാവ്യനിർമാണശൈലിയുടെ സവിശേഷതയാണ്. ഇതിനു  ഉദാഹരണം  ദേവീസ്തവത്തിൽ കാണാനുണ്ട് . 'ഊതുക ' എന്ന വാക്ക് അതിന്റെ പ്രത്യക്ഷാർഥം കൂടാതെ അഞ്ചു അപരാർത്ഥങ്ങളിൽ ഈ കവിതയിൽ ഗുരു ഉപയോഗിച്ചിട്ടുണ്ട് . ഉദാഹരണം 

അല പൊങ്ങിവന്നു നുരതള്ളിയുള്ളാഴി  നി -
ന്നലയുന്നു പെണ്കുതിരയല്ലി  മല്ലിന്നു നീ 
നില പെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല തണലെന്നറിഞ്ഞൂതു നീ 

അന്താദി യുള്ള മറ്റു രണ്ടു ദശശ്ലോകികളാണ്   ശിവസ്തവം എന്നുകൂടി പേരുള്ള പ്രപഞ്ചസൃഷ്ടിയും , സദാശിവദർശനവും .നർക്കുടകം എന്ന അപൂർവ വൃത്തമാണ് പ്രപഞ്ചസൃഷ്ടിയുടെ രചനയ്ക്ക് ഉപയോഗിചിരിക്കുന്നതെങ്കിൽ മനോഹരമായ പഞ്ചചാമരത്തിന്റെ ഇന്ദ്രജാലം അനുഭവിപ്പിക്കുന്ന കവിതയാണ് സദാശിവദർശനം .

ഗുരുവിനെ സംബന്ധിച്ച് വൃത്തം പ്രാസം എന്നിങ്ങനെയുള്ള കാവ്യനിർമ്മാണ സങ്കേതങ്ങൾ കേവലം സങ്കേതങ്ങൾ മാത്രമല്ല . പഥ്യ എന്ന വൃത്തനാമം ദേവീസ്തവത്തിൽ എങ്ങനെയാണോ ദ്വയാർത്ഥത്തിൽ ഉപയോഗിച്ചത് അത് പോലെ പ്രപഞ്ചസൃഷ്ടിയിൽ  അന്താദി എന്ന പ്രാസരൂപത്തെ  മൊത്തം കവിതയുടെ ആശയഘടന വ്യകതമാക്കാൻ വേണ്ടി കവിഉപയോഗിച്ചിരിക്കുന്നതായി കാണാം   .പ്രപഞ്ചഘടനയുടെ ആദിയും അന്തവുമായ സത്യാർത്ഥപ്രബോധകമാണ് ഈ കവിത . 'ശിവൻ'  എന്നാ ദൈവനാമമോ സങ്കല്പമോ പോലും കേവലമായ വിഗ്രഹസങ്കല്പം എന്ന വ്യഷ്ടിബോധത്തിനപ്പുറം സമഷ്ടിയുടെ വികസിതാർത്ഥത്തിലേയ്ക്ക് എത്തിച്ചേരുന്നതായി   കാണാം .  
അരം തിളച്ചു പൊങ്ങു മാടലാഴി നീന്തിയേറി-
യക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ 
ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സുക്തികണ്ടു ക-
ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ  

 ജ്ഞാനമാർഗ്ഗത്തിലൂടെ ലഭിക്കുന്ന വിവേക-വിജ്ഞാന ലബ്ധിയോടെ എല്ലാ സങ്കടങ്ങളേയും   സന്ദേഹങ്ങളേയും  മറികടന്ന്   ഉപാസകനും അതിനു കരുത്താവുന്ന ഉപാസനാമൂർത്തിയും ഒന്നാവുന്ന അവസ്ഥയെക്കുറിച്ച് തന്നെയാണ് സദാശിവദർശനത്തിലും ഗുരു പറയുന്നത് .അറിവ് തന്നെയാണ്  ഈശ്വരൻ എന്നും അദ്ദേഹം  പറഞ്ഞു വെയ്ക്കുന്നുണ്ട്  .

കുളത്തൂർ  കോലത്തുകര ക്ഷേത്രത്തിലെ മൂർത്തിയെ സ്തുതിയ്ക്കുന്ന ,'മദനാർത്ത'  എന്ന വൃത്തത്തിൽ രചിച്ച  'കോലാതിരേശസ്തവം ' ആണ് പത്തു ശ്ലോകങ്ങൾ കൊണ്ട് നിര്മ്മിച്ച അടുത്ത ഗുരുദേവ കൃതി . ഇന്ദ്രിയവൈരാഗ്യം വസന്തതിലകം  ഉപയോഗിച്ച് രചിച്ചിരിക്കുന്നു   .പ്രാപഞ്ചികമായ  ആസക്തികൾക്ക്   പ്രേരകമാകുന്ന കര്മ്മേന്ദ്രിയങ്ങളെയും ജ്ഞാനേ ന്ദ്രിയങ്ങളെയും അടക്കാൻ  സഹായിച് സത്യാന്വേഷണത്തിന്റെ പാതയിൽ നയിക്കണേ പ്രാർത്ഥനയാണ്  ഈ കൃതിയിൽ  ഉള്ളത് . രചനാസൌഷ്ഠവവും ലാളിത്യവും അതേ  സമയം ആശയഗഭീരതയും  തികഞ്ഞ  കവിതയാണ് ചിജ്ജഡചിന്തനം .തോടക വൃത്തത്തിലാണ് ഇതിന്റെ രചന . ‘കുണ്ഡലിനിപ്പാട്ട്’  പോലെ പച്ചമലയാളത്തിലാണ് രചനയെങ്കിലും 

ഒരു കോടി ദിവാകരരൊത്തുയരും 
പടി  പാരൊടു നീരനലാദികളും 
കെടുമാറു കിളർന്നു വരുന്നൊരു നിൻ 
വടിവെന്നുമിരുന്നു വിളങ്ങിടണം 

എന്ന് തുടങ്ങുന്ന പത്തു ശ്ലോകങ്ങളിൽ ഭാരതീയ വേദാന്ത സങ്കല്പനങ്ങളിൽ പരാമർശിക്കപ്പെടുന്ന  ചിത് -ജഡം എന്നീ സങ്കീർണ്ണവും ആഴത്തിലുള്ള വിശദീകരണങ്ങൾ വേണ്ടതുമായ അവസ്ഥകളെക്കുറിച്ചാണ്  ഗുരു ചർച്ച ചെയ്യുന്നത്  .  

മതിതൊട്ടു മണം മുതലഞ്ചുമുണർ -
ന്നരുളോളവുമുള്ളതു ചിന്മയമാം 
ക്ഷിതിതൊട്ടിരുളോളമഹോ ജഡമാ -
മിതു രണ്ടിലു മായമരുന്നഖിലം  

എന്ന് പ്രപഞ്ചസത്തയെ ഒന്നാകെ ചിത് -ജഡ ങ്ങളിലായി കാണാൻ ശ്രമിയ്ക്കുന്നത് ഭൌതികശാസ്ത്രത്തിന്റെ ചിന്താപദ്ധതിയായ ദ്രവ്യ ഊർജ്ജസങ്കല്പനങ്ങലുമായി താരതമ്യപ്പെടുത്താവുന്നതാണ് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലാത്തവ, സ്പന്ദനങ്ങൾ , കമ്പനങ്ങൾ , ജീവ -നിർജീവ ഭാവങ്ങൾ  ,ശൂന്യത  ഇവയെ  ശാസ്ത്രീയമായ അടിസ്ഥാനത്തോടെ തന്നെ നിർവചിക്കാൻ സാധ്യമായ വേദാന്തചിന്തയുടെ ഏറ്റവും ലളിതമായ ആവിഷ്കാരമായി ചിജ്ജടചിന്തനം എന്ന ഗുരുദേവകൃതി വായിച്ചെടുക്കാം   

മയൂരലളിതം എന്ന വൃത്തത്തിൽ എഴുതിയ  ഗുരുദേവകൃതിയാണ്   മനനാതീതം  അഥവാ വൈരാഗ്യദശകം .ഇതിനും അന്ത്യപ്രാസാദി  ഘടനയാണ് ഉള്ളത് .ശിവശതകത്തിലെ പ്രശസ്തമായ 

മിഴിമുനകൊണ്ടു മയക്കി നാഭിയാകും 
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി 
കിഴിയുമെടുത്തുവരുന്ന മങ്കമാർ തൻ 
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ 

എന്ന് തുടങ്ങുന്ന , പ്രത്യക്ഷത്തിൽ സ്ത്രീ വിരുദ്ധം എന്നുതന്നെ പറയാവുന്ന നാല് ശ്ലോകങ്ങളുടെ ആശയത്തിന് സമാനമായ പ്രാർത്ഥനയാണ് മനനാതീതതിലും ഉള്ളത് .കാളിനാടകം പോലെ ഒരു കൃതിയിൽ  ദേവതയെങ്കിലും ഒരു പെണ്ണിന്റെ അംഗപ്രത്യംഗവർണ്ണനയിൽ അങ്ങേയറ്റം അഭിരമിക്കുന്നതായി കണ്ട കവിതന്നെയാണോ വിഷയപരതയിൽ നിന്നും വൈരാഗ്യത്തിലേയ്ക്കുള്ള വഴിയിലെ ഏറ്റവും വലിയ മുള്ള് പെണ്ണുതന്നെ എന്ന് ആവർത്തിച്ചുറപ്പിക്കുന്നത്   എന്നത് സാധാരണ വായനക്കാരനെ കുഴക്കുന്ന വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ .   


ഏറ്റവും ജനകീയം എന്ന് പറയാവുന്ന ഗുരുദേവദശകം ദൈവദശകമാണ് . കുട്ടികൾക്ക് ചൊല്ലാവുന്ന ഒരു പ്രാർത്ഥനയായിട്ടാണ് ഇത് എഴുതപ്പെട്ടതു എങ്കിലും ജാതി മത ചിന്തകൾക്കും പലതരം നാമധാരികളായ ദൈവരൂപികൾക്കും മുകളിലായി  സത്യമാണ് ദൈവം എന്ന് ഗുരു ഈ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നു. സുന്ദരമായ അനുഷ്ടുപ്പിലുള്ള  ഏറ്റവും ലളിതമായ ആവിഷ്കാരം എന്ന നിലയ്ക്കാണ്  ഈ കവിത  പ്രാർത്ഥനാഗാനമായി   ഏറ്റവും കൂടുതൽ സ്വീകാര്യമാവുന്നത്  

നീ സത്യം ജ്ഞാനമാനന്ദം 
നീ തന്നെ വർത്തമാനവും 
ഭൂതവും ഭാവിയും വേറ -
ല്ലോതും മൊഴിയുമോർക്ക നീ 
എന്നിങ്ങനെ   ലളിതമായി ഉൾക്കൊള്ളാൻ  കഴിയുന്ന ഒന്നാണ് ദൈവദശകം എങ്കിലും ഏറ്റവും സൂക്ഷ്മാർഥത്തിൽ ഗഹനമായ വേദാന്തതത്വങ്ങൾ അപഗ്രഥിക്കാനുള്ള ഇടം കൂടി ഈ കവിത ഒരുക്കുന്നുണ്ട്.

വിയോഗിനിയിൽ  രചിച്ച 'അനുകമ്പാദശക ' മാണ് അടുത്തത് . അരുൾ ,അൻപ് , അനുകമ്പ ഇവ മൂന്നും ഒന്ന് തന്നെയെന്നും അരുളില്ലാത്ത മനുഷ്യൻ  കേവലം അസ്ഥിയും തോലും രക്തവാഹികളും അടങ്ങിയ നാറുന്ന വെറും ശരീരം  മാത്രമാണെന്നും   അവന്റെ ജീവിതം നിഷ്ഫലമാണെന്നും ,  അരുളുള്ളവന്റെ ജീവിതം തീര്ന്നാലും അവന്റെ കീർത്തിയും മഹത്വവും നിലനില്ക്കും എന്നും  ശ്രീബുദ്ധന്റെതും  ക്രീസ്തുവിന്റെതും നബിയുടെതുമടക്കം മഹദ് ജീവിതങ്ങളുടെ മാഹാത്മ്യം എടുത്തു പറഞ്ഞുകൊണ്ട് ഗുരു സമർഥിക്കുന്നു .
ജാതിലക്ഷണമാണ് ശ്രീനാരായണ ഗുരുദേവന്റെ മറ്റൊരു ദശശ്ലോകി  

 മനുഷ്യാണാം മനുഷ്യത്വം 
ജാതിർഗോത്വം   ഗവാം  യഥാ 
ന ബ്രാഹ്മണാദിരസ്യൈവം  
ഹാ! തത്വം വേത്തി കോപി ന    

പശുവിനു ഗോത്വം എന്നത് ജാതിയാവുന്നത് പോലെ മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി  .ബ്രാഹ്മണൻ തുടങ്ങിയ ജാതി പദവികളൊന്നും തന്നെ ജനനം  കൊണ്ട്  ആര്ക്കും കിട്ടുന്നതല്ല എന്ന യാഥാർത്ഥ്യം ആരും അറിയുന്നില്ല  എന്ന് ഏറ്റവും ലളിതമായി അർഥം പറയാവുന്ന ജാതിനിർണ്ണയത്തിലെ   പ്രഥമശ്ലോകവും തുടർ ശ്ലോകങ്ങളും ജാതിവ്യവസ്ഥയെ നിശിതമായിത്തന്നെ എതിർക്കുന്നുവെങ്കിൽ 'ജാതി ' യെ ശാസ്ത്രീയമായി തന്നെ സമീപിച്ചു കൊണ്ട് പരസ്പരം ഇണചേരുന്നതും എല്ലാ ശാരീരിക മാനസിക ചേഷ്ടകളിലും സമാനത കാണിക്കുന്നവയുമായ ജന്തുക്കളെ ഒരു ജാതി എന്ന് വിളിക്കാമെന്നു ഗുരു പറയുന്നു. മറ്റുള്ള എല്ലാ തരം ജാതി തിരിക്കലുകളും പ്രകൃതിയെ സംബന്ധിച്ച് അവ്യവസ്ഥിതമായ ഒന്നാണെന്ന് ജാതി ലക്ഷണം വഴി ഗുരു സമർഥിക്കുന്നു. കൃത്യമായ ശാസ്ത്രീയ വിശകലന സ്വഭാവം കൊണ്ട് ഗുരുവിന്റെ പ്രബോധനാത്മക കവിതകളിൽ ഈ കവിത  ഗണനീയമായ സ്ഥാനം നേടിയ ഒന്നാണ്  . 
പത്തിന്റെ ഗുണിതമായ  നൂറു വീതം ശ്ലോകങ്ങളുള്ള ആത്മോപദേശശതകം , ശിവശതകം , അധ്യാരോപദർശനം ,അപവാദദർശനം ,അസത്യദർശനം,മായാദർശനം,ഭാനദർശനം ,കർമ്മദർശനം,ജ്ഞാനദർശനം ,ഭക്തിദർശനം,യോഗദർശനം,നിർവാണദർശനം എന്നീ ദശശ്ലോകീദർശനങ്ങൾ ഉൾക്കൊള്ളുന്ന ദർശനമാല ,തമിഴ് ഭാഷയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം വിളിച്ചു പറയുന്ന  അഞ്ചു ഖണ്ഡങ്ങളിലായി    പത്തു വീതം ശ്ലോകങ്ങളുള്ള തേവാര പതികങ്കൾ എന്നിവയും ഗുരുവിനു പത്തിനോടുണ്ടായിരുന്ന പ്രത്യേകതയ്ക്കു നിദർശനമായി ഇനിയും ബാക്കിനില്ക്കുന്നു. അവയെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്കു മുതിരുന്നില്ല  

ഗുരുദേവകൃതികളുടെ   പ്രത്യേകിച്ച് പദ്യകൃതികളുടെ പരിചിന്തനം കേവലം   ദശകങ്ങളിൽ മാത്രം ഒതുങ്ങിനിന്നു ചെയ്യേണ്ട ഒന്നല്ല എന്നറിയാം  .വളരെ വിശാലവും അത്രതന്നെ ഗഹനവുമായ ഒരു വിഷയമാണ് തിരഞ്ഞെടുക്കുന്നത്  എന്ന  പൂർണ്ണബോധ്യത്തോടെയാണ്  ഗുരുദേവദശകങ്ങളിലൂടെ ഈ ഓട്ടപ്രദിക്ഷിണത്തിനു സാഹസപ്പെട്ടതും .  എന്നിരുന്നാലും   ഗുരുദേവമതത്തിന്റേയും ചിന്താധാരയുടെയും പൂർണ്ണമല്ലെങ്കിലും അവ്യക്തമല്ലാത്ത ഒരു ചിത്രം മുൻപറഞ്ഞ ഗുരുദേവകൃതികൾ  വ്യാഖ്യാനങ്ങൾ  എന്നിവയുടെ വായനയിലൂടെ  ലഭിക്കും  എന്നൊരു ഉറപ്പ്  തരാൻ ഈ വായന കൊണ്ട് എനിക്ക് കഴിയുന്നു..

മൃതം


ആഴത്തിൽ
പിളരുമ്പോഴും
'അയ്യോ ! പാവം '
എന്നു കരുണ
അറുത്തുമാറ്റുമ്പോഴും
ചോര പൊടിയാൻ
ഇടയാക്കാത്ത
ഉദാരത
എന്നേയ്ക്കുമാകയാൽ
ഏറ്റവും അടക്കത്തിലാവണം
എന്ന് കരുതൽ
എണ്ണമോ
വണ്ണമോ അല്ല
ആണിയുടെ
മൂർച്ചയാണു കാര്യം
എന്നും
കണക്കുകൂട്ടി
സൂക്ഷ്മതയോടെ
വേണ്ടയിടത്ത്
വേണ്ടപ്പോൾ
(കനത്ത )ചുറ്റിക
വയം നോക്കി -
കൃത്യമായി
പ്തിപ്പിക്കുന്നതിലാണ്
മിടുക്ക് എന്നുമുളള
തിരിച്ചറിവ് .
മിടുക്കനാണു നീ .
ഔദാര്യവാൻ .
കരുണയും കരുതലുമുളള
ഊറ്റക്കാരൻ .
അതുകൊണ്ടാവണം
പിരിഞ്ഞുപോയ
നമ്മുടെ
അടുപ്പത്തിന്
പെട്ടിക്കുള്ളിലും
ഇത്ര തേജസ്സ്‌ !!!

Saturday, September 12, 2015

കെ വി മോഹൻകുമാർ -പ്രണയത്തിന്റെ മൂന്നാം കണ്ണ്


രു കാലത്ത് ഇന്ത്യയിലും ഇപ്പോൾ ചില ഏഷ്യൻ   രാജ്യങ്ങളിലും വളരെ പ്രചാരത്തിലുള്ള മതമാണ്‌ ബുദ്ധമതമെങ്കിലും   ബുദ്ധിസ്റ്റ് ആശയങ്ങളെ പിൻ പറ്റിയുള്ള കൃതികൾ  ഇന്ത്യൻ ഭാഷകളിൽ  കുറവാണ്. അവയിൽത്ത ന്നെ ഹെർമൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ'  പോലുള്ള   കൃതികൾ മാത്രമേ വളരെ പ്രാമുഖ്യം നേടിയവയുള്ളൂ.   മലയാളത്തിൽ പ്രത്യേകിച്ച് ബുദ്ധമാർഗ്ഗത്തിന്റെ ആശയങ്ങളെ സ്വാംശീകരിച്ചുള്ള   സർഗ്ഗാത്മകരചനകൾ ഇനിയും വളരെ കുറവാണ് .അത്തരത്തിൽ നോക്കുമ്പോൾ  'പ്രണയത്തിന്റെ മൂന്നാം കണ്ണ്എന്ന  ഈ നോവൽ ആ വഴിയിലെ  ഒരു അപൂർവശ്രമം എന്ന നിലയിൽ  പ്രസക്തമാവുന്നു. .നോവലിസ്റ്റ് കെ വി മോഹൻകുമാറിന്റെ  പ്രയത്നം ആ അർത്ഥത്തിൽ സാർത്ഥകം  തന്നെ
സ്വത്വസന്ദേഹങ്ങൾ ,ലക്ഷ്യ-മാരഗ്ഗങ്ങളെക്കുറിച്ചുള്ള ബോധ്യ-ധ്യാനക്കുറവുകൾ ജീവിതത്തിന്റെ നിരർർത്ഥകതയെ  ചൂണ്ടിയുള്ള അകക്കലമ്പലുകൾ അസ്തിത്വത്തെ ചൊല്ലിയുള്ള  ആകുലതകൾ ഇവയിലൂടെയാണ്   പലപ്പോഴും സന്ദേഹിയുടെ ജീവിതം പുലരുന്നത്. കേവലം ഇന്ദ്രിയഗോചരമായ നേർപ്രകൃതിയുടെ മനോമോഹനങ്ങളായ വെളിപ്പെടലുകളിൽ മാത്രം അഭിരമിയ്ക്കുന്ന  ജീവന് ജനിച്ചു ജീവിച്ചു മരിയ്ക്കുക എന്ന നിയോഗം മാത്രമേയുള്ളൂ . ചേതനാപൂർണ്ണമായ   ഓരോ  ജീവകോശത്തിന്റെയും പൊരുളറിയാനും  അചേതനം   എന്ന് കരുതുന്ന ഓരോ കണികയുടേയും ഉൾക്കമ്പനങ്ങൾ  തിരിച്ചറിയാനുമുള്ള അന്വേഷണത്വരയും അതിനുള്ള ആത്മീയശക്തിയും ചിന്താശേഷിയും  ഉള്ളവനാണ് യഥാർത്ഥ സന്യാസി. .അന്വേഷണത്തിന്റെ   പാതകൾ വിഭിന്നങ്ങളാണെന്നു വരികിലും  അന്വേഷികളുടെയെല്ലാം  ലക്‌ഷ്യം ഒന്നുതന്നെ.

മോക്ഷംനിർവാണം  ഇവയിലേയ്ക്കെത്താനുള്ള     മാരഗ്ഗങ്ങളിൽ ബുദ്ധമതത്തിന്റെ  ത്രിവിധയാനങ്ങളിൽ ഏറ്റവും കുറച്ചു പ്രചാരത്തിലിരുന്നതും  മതബോധനങ്ങളുടെ  കഠിനമായ  നിഷ്ഠകൾക്കും  ചര്യകൾക്കും അപ്പുറത്ത്  കേവലനിർവചനങ്ങൾക്കു   വഴങ്ങാൻ കൂട്ടാക്കാത്തവയും  എന്നാൽ   ഓരോ കാൽവെയ്പ്പിലും സദാ കൂടെത്തന്നെയുണ്ട്  എന്ന് നാം അറിയുന്നതുമായ ചില  ജീവിതസമസ്യകളെ വിശകലനം  ചെയ്യുന്നതുമായ വജ്രയാനപരികല്പനകളെ  പിൻപറ്റിയാണ്‌ പ്രധാനമായും നോവൽ മുന്നോട്ടു നീങ്ങുന്നത്‌.
അതുകൊണ്ടുതന്നെ   മതപ്രചരണം എന്നതല്ല  ഈ കൃതിയുടെ രചനാലക്ഷ്യം    എന്ന് വ്യകതമാവുന്നു. ആമുഖത്തിൽ  നോവലിസ്റ്റ് തന്നെ പറഞ്ഞിട്ടുള്ളത് പോലെ ബുദ്ധിസവുമായി ബന്ധപ്പെട്ട  ഒരു കഥാതന്തു ,പ്രത്യേകിച്ച് മധ്യമാർഗ്ഗം  എന്ന ബുദ്ധമാർഗ്ഗ  ചിന്താസരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശയം അനവധിയിടങ്ങളിൽ കയറിവരുന്ന ഒരു കഥ .ബുദ്ധമത നൈതികതെയെ അനുസരിച്ചുള്ള ജീവിതം മറ്റു സാധാരണ ജീവിതങ്ങളിൽ നിന്നും എങ്ങനെ വഴിമാറി സഞ്ചരിക്കുന്നു എന്നതിന്  ഒരു  വ്യാഖ്യാനം കൂടിയാണീ  നോവൽ .

സദാസമയവും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും മാത്രം ചിന്തിയ്ക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുമ്പോഴും കൂടുതൽ കൂടുതൽ ബന്ധങ്ങളുടെയും കടമകളുടെയും കടപ്പാടുകളുടെയും ചങ്ങലപ്പൂട്ടുകളിൽ ബന്ധിതമാവുന്ന  ജീവിതാവസ്ഥകളാണ് മനുഷ്യന്റെത് . അവയെ ഭേദിച്ച് പുറത്തു കടക്കാനുള്ള ശ്രമം നിർവാണം തേടിയുള്ള അവന്റെ യാത്ര തന്നെയാവുന്നു. കഥയിൽ രാഹുലന്റെ ജീവിതവും ഇതിൽ നിന്ന് ഭിന്നമല്ല . ഉള്ളിൽ നിരന്തരം ചോദ്യങ്ങൾ ഉണ്ടാവുകയും ചിരന്തനമായ സത്യത്തെ അറിയാനുള്ള അന്വേഷണത്തിനായി മനസ്സു നിമിഷംതോറും  സമ്മർദ്ദം  ചെലുത്തുകയും ചെയ്യുന്നിടത്താണ് രാഹുലന്റെയും യാത്ര ആരംഭിയ്ക്കുന്നത്. പൂർണ്ണത  എന്നാൽ എല്ലാതരം കെട്ടുപാടുകളിൽനിന്നുള്ള വിമോചനമാണെന്നും അവിടേയ്ക്ക് എത്തിച്ചേരാനുള്ള വഴി  നിരുപാധിക പ്രണയത്തിന്റെതു മാത്രമാണെന്നും പ്രണയത്തിന്റെ മൂന്നാം കണ്ണ് പറഞ്ഞു വെയ്ക്കുന്നു. നിർവാണമെന്ന പുഷ്പം കരഗതമാക്കാനുള്ള രാഹുലന്റെ യാത്രയുടെ അന്ത്യം പ്രണയാർദ്രമായ ഒരു കൂടിച്ചേരലായിരുന്നു . പൂർണ്ണത എന്നാൽ ആകാശപ്പരപ്പോളം നിരഞ്ഞുതുളുമ്പുന്ന പ്രണയമാണെന്ന് രാഹുലൻ തിരിച്ചറിയുന്നു . ഒരു സന്ദേഹിയായല്ല  മറിച്ച് കൃത്യമായ ലക്ഷ്യബോധമുള്ള ഒരു അന്വേഷി ആയിട്ടാണ്  രാഹുലനെ ഇവിടെ  അവതരിപ്പിയ്ക്കുന്നത് . അതുകൊണ്ടുതന്നെ രാഹുലന്റെ സഞ്ചാരപഥങ്ങളിലെ ഓരോ കാഴ്ചകൾക്കും  സൂക്ഷ്മവും തെളിവുള്ളതും വിശദവുമായ അർത്ഥങ്ങളുണ്ട് .     കഥപോകുന്ന വഴികളിൽ അവയെ കൃത്യമായും ഒഴുക്കോടെയും സന്നിവേശിപ്പിയ്ക്കുന്നതിൽ നോവലിസ്റ്റ് സഫലമായ ശ്രമമാണ് നടത്തിയിരിക്കുന്നത്.


ധ്യാനഗുരുവും 
,കാമനകളുടെ കഴുതക്കരച്ചിലുകളും , കന്യകമാരുടെ വിപണനച്ചന്തകളും, സാർത്ഥയാനങ്ങളും അമ്മയും ജാബാലയും കാത്തിരിക്കുന്ന മുചിരിയുടെ മായാൻ മടിയ്ക്കുന്ന ഓർമ്മകളും,  , നീരാടുന്ന കന്യകമാരും, പണ്ടകശാലയിലെ കുശിനിക്കാരനും , വൃദ്ധതാപസനും ഒടുവിൽ ലോഹപ്പണിക്കാരിപ്പെണ്ണും എല്ലാം നിർവാണത്തിലെയ്ക്കുള്ള രാഹുലന്റെ യാത്ര കൂടുതൽ സുഗമമാക്കുകയായിരുന്നു. സത്യമോ മിഥ്യയോ ഓർമ്മയോ എന്തായാലും ഓരോ കാഴ്ചയും ഓരോ കണ്ടുമുട്ടലുകളും നിർവാണപദപ്രാപ്തിയ്ക്കു മുൻപുള്ള മനസ്സിന്റെ വിമലീകരണത്തിനുള്ള ഉപകരണങ്ങളായിരുന്നു.

മതാത്മകമായ രീതിയിൽ ജീവിതത്തെ വ്യാഖ്യാനിയ്ക്കാനുള്ള ശ്രമം നടത്തുന്ന ഒരു കൃതി എന്ന നിലയിൽക്കൂടി ഈ നോവലിനെ കാണാവുന്നതാണ്. മതാത്മകത   എന്നാൽ വെറും അധ്യാത്മികതയല്ല മറിച്ച് സർഗ്ഗാത്മകമായ ജീവിതം തന്നെയാണെന്നും  അതിൽ സമൂഹം 
,വ്യക്തി ,കുടുംബം  സ്ത്രീപുരുഷ ബന്ധങ്ങൾ  ഇവയുടെയൊക്കെ വിമർശനവും കൂടി  കടന്നു വരുന്നു എന്നും  ഈ നോവൽ നമുക്ക് കാണിച്ചു തരുന്നു  .Dr  Paul Carcus ന്റെ The  Gospel  of  Budha  എന്ന കൃതിയിൽ നിന്ന്    യിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് കരുണയും(കരുണ ഒന്നാം പതിപ്പ്, മുഖവുര ,ദേവി ബുക്സ്റ്റാൾ കൊടുങ്ങല്ലൂർ ) Edwin  Arnold  ന്റെLight  of  Asia യിൽ നിന്ന് ശ്രീ ബുദ്ധ ചരിതവും(പേജ് 175, ആശാന്റെ പദ്യകൃതികൾ , ഡി സി ബുക്സ്)  രചിച്ചത് എന്ന് കുമാരനാശാൻ പറയുന്നുണ്ട് .ആ ഒരു പാരമ്പര്യം അന്യം നിന്ന് പോയില്ല എന്ന് തന്നെ തെളിയിക്കുന്നതോടൊപ്പം  സ്ത്രീപുരുഷബന്ധങ്ങളിൽ ഇതൾ വിരിയുന്ന നിരുപാധികപ്രണയം തന്നെയാണ് മതാത്മകനൈതികതജീവിതത്തിന്റെ അടിസ്ഥാനതത്വവും   എന്നും വ്യക്തമാക്കിത്തരുന്നു  ഈ നോവൽ

Saturday, May 9, 2015

അമ്മിണി അങ്ക്ൾ

ഇപ്പൊഴിപ്പോഴിടയ്ക്കിടെ 
വിളിയ്ക്കും അമ്മിണിക്കുട്ടി 
'ചെറ്യോള'ന്നു   വിളിപ്പേര് 
വലിയോൾ. എന്റെ കൂട്ടവൾ .

തൊടിയിൽ പുളിമാഞ്ചോട്ടിൽ 
പച്ചമേഞ്ഞൊരു പന്തലിൽ
പൂമാലയണിയി'ച്ചെന്റെ'-     
' പെണ്ണെ'ന്നെന്നെ  വരിച്ചവൾ 


ഗോട്ടിയുന്നം പിഴക്കാതെ 
മുഷ്ടിമേലെറ്റിനോവിച്ചോൾ
കുട്ടിയെ കോലിലാടിച്ചോൾ 
നാട്ടനൂഴിച്ചു തോല്പിച്ചോൾ

കല്ലുകൊത്തും പെരുക്കത്തിൽ
കടം കേറ്റി മുടിച്ചവൾ 
ഏറുപന്തേറു കൊള്ളിച്ചു 
മാറും മെയ്യും മുറിച്ചവൾ

നീന്തുതോട്ടിന്റെ വേലിക്കൽ 
നീങ്ങും നിഴലിരുട്ടിനെ 
തെറിതേകി നനച്ചിട്ടു 
പൊരിവെയ്ലത്തുണക്കിയോൾ

അവളാണെന്റെയമ്മിണി 
നിഴൽ പോൽ കൂട്ടിരുന്നവൾ 
ചെറിയോളെന്നു പേരെന്നാൽ 
വലിയോൾ ; നിഴലന്നു ഞാൻ .

****

കരിമ്പടം ,വെള്ള ,കത്തും -
വിളക്കു സാക്ഷി ,യന്നെന്റെ 
തിരണ്ട നെറ്റി ചുംബിക്കേ 
കണ്‍നിറച്ചവളമ്മിണി.

(വായനോക്കികൾ ! കാണേണ്ട 
വായനശ്ശാല നീയിനി .)
നടന്നു വിയർക്കേണ്ടെന്ന് 
ചുമന്നൂ ഗ്രന്ഥമമ്മിണി.

'മോതിരം കൊണ്ടു നാവിന്മേൽ 
കൈവിഷം തീണ്ടി പെണ്ണിന് '
എന്നെന്റെ കവിതപ്പേജിൽ 
മുഖം പൂഴ്ത്തിയതമ്മിണി.

പരീക്ഷയ്ക്കുറക്കൊഴിഞ്ഞു 
പാഠം നോക്കി മടുക്കവേ 
രാമുറ്റത്ത് ,നിലാവത്ത് 
ചേർത്തിരുത്തിയതമ്മിണി .

'മുടിയിൽ ജടയാണാകെ '
കോതിത്തന്നവളമ്മിണി 
'നിറമൊത്തില്ല പൊട്ടെ 'ന്നു 
കുത്തിത്തന്നവളമ്മിണി.

****
ഒടുവിൽ കണ്ടതാണന്ന് .
ഒരുക്കം തീർന്നിറങ്ങവേ 
തണുത്ത വിരലിൻ തുമ്പാൽ 
തലോടീയെന്നെയമ്മിണി.

നടത്തിയുമ്മറത്തേയ്ക്കു 
കൈപിടിച്ചു നയിച്ചവൾ 
അവളമ്മിണിയന്നെന്നെ 
അങ്ങുവച്ചു മറന്നവൾ .

*****

"മമ്മിയ്ക്ക് ഫോണ്‍ കാൾ 
ഏതോ അങ്കിളാ 
അമ്മിണി എന്ന് ! 
ചെന്നെടുക്കവേ 
പിന്നിൽ പുഞ്ചിരി 
"ആരാ ?ബോയ്‌ഫ്രണ്ട് ?     തോ?...."

Thursday, November 6, 2014

പുരോഗമനം

'സാവി ശ്രാദ്ധ '
പേരു  കൊള്ളാം
എന്നിട്ടെന്തു വിശേഷം ?
ജീവിതത്തിന്റെ തലയെഴുത്ത്
ഇപ്പോഴും
'ദുരവസ്ഥ '
എന്നുതന്നല്ലേ താത്രീ?

Tagged  സാവിത്രി ചാത്തൻ

Wednesday, October 22, 2014

അടിയോടെയെന്നെ... ?


കളയാണു  പോലും

ചുവടോടെ പിഴുതങ്ങു
കളയണം പോലും.
അടിവേരു മുഴുവൻ
ബലത്തങ്ങു പിഴുതിട്ടു
കാണാത്തൊരകലത്തേ-
യ്ക്കെറിയണം പോലും.  

പണ്ടേതോ  കാട്ടിൽ
കുന്നിന്റെ ചരിവിൽ
മരുഭൂവിനുറവിൽ
മഴനിഴൽ വഴിയിൽ
മണമായി നിറമായി
മധുവായിരുന്നവർ,
പൊടിയും പരാഗപ്പുതപ്പണി -
ക്കേസരക്കതിരുകൾ വിരുത്തി-
ച്ചിരിച്ചാടി നിന്നവർ,
ജനിനളികയിരുളിൽ -
പ്പുളച്ചാദ്യമെത്തും
കരുത്തൻ പരാഗത്തി
നണ്ഡങ്ങൾ കാത്തവർ
ഭ്രൂണം വളർത്തിട്ടു
ഫലമായി നീട്ടിയോർ
അവരിലന്നുണ്ടായിരുന്നു ഞാൻ.

പിന്നെയൊരുപാതിരാ,
വാവലിൻ പടയണി,
നീരിനിപ്പൂറ്റിയവർ
ഭൂമിയിലുപേക്ഷിച്ച
പാഴ്വിത്തുകൾ
അവരിലുണ്ടായിരുന്നു ഞാൻ.

മുളപൊട്ടുവാൻ ഇറ്റു
ജലമായി മേഘം
ഇലകൂമ്പുവാൻ
തുള്ളിവെയിലായി മാനം
ചുടുവെയിലിനുച്ചയിൽ
തളരുന്നതളിരുകൾ-
ക്കൊരു തണൽക്കുടചൂടി
അരികത്തു മാമരം.
അവിടെനീ വന്നെന്റെ
തണലുകൾ കവർന്നൂ
അവിടെ നിൻ വിത്തിട്ടു
വേരുകൾ പടർത്തൂ
അടിമണ്ണിനടരിലും വിഷമിട്ടു നീ
പിന്നെയതിനു മുൾവേലികൊണ്ടതിരുമിട്ടു.

കള നീ തളിർത്തൂ
പൂത്തേറെ കായ്ച്ചൂ  
അരികില്‍ ഭയന്നു ഞാൻ
നാളെണ്ണി നിന്നൂ.

കളയാര്  വിളയാര്
നീ നിശ്ചയിച്ചൂ
വിളയെന്റെ വില പോലും
നീയുറപ്പിച്ചു 

കളയാണു  പോലും
ചുവടോടെ പിഴുതെന്നെ-
ക്കളയണം പോലും.

നീ തഴയ്ക്കുന്നു .

അടിയോടെ പിഴുതെന്നെയെറിയുന്നു
മണ്ണിൽ വിളയുന്നതിൻ മുൻപേയടിയുന്നു ഞാൻ.